ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താന്‍ നീക്കം; പ്രതിഷേധം ആളിക്കത്തുന്നു

പാരീസ്: പെൻഷൻ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് നിയമം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജനം തെരുവിലിറങ്ങി. പ്രസിഡന്റ് ഇമാനുവൽ മാക്രോണിനെതിരെ അവിശ്വാസത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം.

പത്തു വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നത്. പെൻഷൻ പ്രായം 62ൽ നിന്ന് 64ലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്ത മേഖലകളിലും പ്രതിഷേധമാണ്. മാലിന്യമെടുക്കുന്നത് തൊഴിലാളികൾ നിര്‍ത്തിയതോടെ നഗരം ചീഞ്ഞ് നാറി തുടങ്ങി. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഒരുപടി പോലും പുറകോട്ടില്ലെന്ന് മാത്രമല്ല ഏത് വിധേനയും നയം നടപ്പിലാക്കാനുള്ള ശ്രമത്തിലുമാണ്. പെൻഷൻ നയവുമായി ബന്ധപ്പെട്ട് അധോസഭയിൽ നടത്താനിരുന്ന വോട്ടെടുപ്പ് പോലും തടഞ്ഞു. സര്‍ക്കാരിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. ഇതോടെ ജനം തെരുവിലിറങ്ങി.

പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനും മാക്രോണ്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിനോടകം ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതിഷേധത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. മാക്രോണിനെതിരെ അവിശ്വാസം കൊണ്ടുവരാൻ  പ്രതിപക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞു. പുതിയ പെൻഷൻ നയത്തോട് ഭരണകക്ഷിയിലെ ചിലര്‍ക്കും എതിര്‍പ്പുണ്ട്. അവരുടെ കൂടെ പിന്തുണ കിട്ടിയാൽ അവിശ്വാസം വിജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ഒപ്പം 23ന് വമ്പൻ പ്രതിഷേധ പരിപാടിക്കും പദ്ധതിയിടുന്നുണ്ട്.

Top