പെന്‍ഷന്‍ പ്രായം 60 ആയി ഏകീകരിച്ചു; വിരമിച്ചവര്‍ക്ക് ബാധകമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ചു. പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ്‌ ഉത്തരവിറക്കി. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെൻഷൻ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.

കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. നിലവിൽ സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും വ്യത്യസ്തമായ പെന്‍ഷന്‍ പ്രായമാണ് നിലവില്‍ ഉള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.

കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പ്രായത്തെ സംബന്ധിച്ച് പഠനത്തിന് ശേഷം തീരുമാനമെടുക്കും. നിലവില്‍ വിരമിച്ചവര്‍ക്കും ഈ ഉത്തരവ് ബാധകമല്ല. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിക്കും. ഇക്കാര്യത്തില്‍ നേരത്തെ തന്നെ മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്.

 

Top