ചൈനീസ് സര്‍ക്കാറിലെ മുന്‍ വൈസ് പ്രിമിയറിനെതിരെ മീടു ആരോപണവുമായി പെങ് ഷുവായ്

ബീജിങ്: മുന്‍ വൈസ് പ്രിമിയറിനെതിരെ ടെന്നീസ് താരം ഉയര്‍ത്തിയ മീടു ആരോപണത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. മുന്‍ വൈസ് പ്രീമിയറും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവുമായ ഷാങ് ഗൊലിക്കെതിരെയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ വനിത താരം പെങ് ഷുവായ് ആരോപണമുന്നയിച്ചിരിക്കുന്നത്.

ഷാങ് ഗൊലി ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെ താരം ആരോപിച്ചത്. മൂന്ന് വര്‍ഷം മുന്നെയാണ് സംഭവം നടന്നതെന്നും ഏഴ് വര്‍ഷം മുമ്പ് തങ്ങള്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പോസ്റ്റില്‍ താരം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് താരത്തിന്റെ വെരിഫയ്ഡ് അക്കൗണ്ടില്‍ നിന്നും ഇത് സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്.

എന്നാല്‍ വളരെ വേഗത്തില്‍ തന്നെ ഇത് അപ്രത്യക്ഷമായിരുന്നു. അതേസമയം ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയത്തിന്മേല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം ചൈനയില്‍ നിരോധനമുള്ള ട്വിറ്ററില്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ചൈന.

 

Top