പെണ്‍കുട്ടികള്‍ തന്നെ പ്രതിരോധം തീര്‍ക്കണം; ഹ്രസ്വചിത്രം ‘പെന്‍സില്‍ ബോക്‌സ്’ ശ്രദ്ധേയമാകുന്നു

കൊച്ചി: രാജേഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെണ്‍കുട്ടികളുടെ മേല്‍ വീഴുന്ന കാമക്കണ്ണുകള്‍ക്ക് അവര്‍ തന്നെ പ്രതിരോധം തീര്‍ക്കണം എന്ന സന്ദേശവമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നത്.

പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്‌സിനെ അവതരിപ്പിച്ചിരിക്കുന്നു. നടന്‍ ബിജുമേനോന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്‌കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം തുടങ്ങി എട്ട് മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് ഈ ഹ്രസ്വചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.

ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ സംഭാഷണങ്ങളില്ല എന്നതാണ്.

സംഗീതം മിറാജ് ഖാലിദും എഡിറ്റിങ് ജുനൈദുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബാലതാരം ആഞ്ജലീന അബ്രാഹമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്

Top