വ്യാജ പെര്‍മിറ്റുമായി മക്കയില്‍ പ്രവേശിച്ചാല്‍ പിഴ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി

റിയാദ്: റമദാന്‍ മാസത്തില്‍ അധികൃതരില്‍ നിന്നുള്ള പെര്‍മിറ്റ് ഇല്ലാതെ ഉംറ തീര്‍ഥാടനത്തിനോ മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥന നടത്തുന്നതിനോ വേണ്ടി മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ പെര്‍മിറ്റില്ലാതെയോ വ്യാജ പെര്‍മിറ്റുമായോ മക്കയില്‍ പ്രവേശിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ ഫൈന്‍ ഈടാക്കും.

അതേസമയം, മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥനയ്ക്കാണ് പെര്‍മിറ്റില്ലാതെ എത്തിയതെങ്കില്‍ 1000 റിയാല്‍ പിഴയെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു. ഈ ശിക്ഷാ നടപടി കൊവിഡ് പ്രതിസന്ധിക്ക് ശമനമുണ്ടാവുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്യുന്നത് വരെ തുടരാനാണ് സാധ്യതയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇഅ്തമര്‍നാ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പെര്‍മിറ്റ് എടുത്ത ശേഷം മാത്രമേ ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കും വേണ്ടി എത്താന്‍ പാടുള്ളൂ എന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. മക്കയിലേക്കുള്ള എല്ലാ റോഡുകളിലും ചെക്ക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ പെര്‍മിറ്റുണ്ടോ എന്ന കാര്യം പരിശോധിക്കും. അതോടൊപ്പം മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്ന വഴികളിലും പരിശോധന ഏര്‍പ്പെടുത്തും. പെര്‍മിറ്റില്ലാത്ത ഒരാളും മക്കയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനത്തിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തവക്കല്‍നാ ആപ്പില്‍ വാക്‌സിന്‍ ലഭിച്ചവര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ഇതുപ്രകാരം രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു പുറമെ, ആദ്യ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനം അനുവദിക്കും. ഉംറയ്ക്ക് വരുന്നവരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളില്‍ പ്രാര്‍ഥനയ്ക്കും സന്ദര്‍ശനത്തിനുമായി വരുന്നവരും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ വരാന്‍ പാടുള്ളൂ എന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

ആപ്പില്‍ ലഭ്യമായ സമയം അനുസരിച്ച് മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.

 

Top