ട്രംപിന് കൂച്ചുവിലങ്ങിടാന്‍ ഡെമോക്രാറ്റുകളുടെ പടയൊരുക്കം; നടക്കുമോ ആ ദിവാസ്വപ്നം?

റാനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നീക്കം നടത്തുന്നതിന് തടയിടാന്‍ അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്. യുഎസ് പ്രസിഡന്റിന്റെ യുദ്ധം നടപ്പാക്കാനുള്ള അധികാരങ്ങളെ വെട്ടിച്ചുരുക്കാനുള്ള പ്രമേയം അവതരിപ്പിച്ച് വോട്ടിനിടുമെന്നാണ് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ പ്രഖ്യാപനം. എന്നാല്‍ ട്രംപിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഫലം കാണുമെന്ന് ഉറപ്പില്ല.

സെനറ്റില്‍ ടിം കെയിന്‍ അവതരിപ്പിച്ച പ്രമേയത്തിന് സമാനമായ പ്രമേയമാണ് ഹൗസില്‍ അവതിപ്പിക്കുകയെന്ന് പെലോസി വ്യക്തമാക്കി. കോണ്‍ഗ്രസ് നടപടി ഉണ്ടായില്ലെങ്കില്‍ ഭരണകൂടത്തിന്റെ ഇറാന് എതിരായ സൈനിക നടപടികള്‍ 30 ദിവസത്തിനുള്ളില്‍ നിര്‍ത്താനുള്ള തരത്തിലാകും പ്രമേയം, സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള ഹൗസില്‍ പ്രമേയം പാസാകുമെങ്കിലും സെനറ്റില്‍ മറിച്ചാണ് സ്ഥിതി. ട്രംപിന്റെ കൂട്ടാളികളായ റിപബ്ലിക്കന്‍മാര്‍ക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. ഇവരില്‍ ഭൂരിഭാഗവും ഇറാനെതിരെയായ പ്രസിഡന്റിന്റെ നടപടികളെ പിന്തുണയ്ക്കുന്നവരുമാണ്. ഇറാന്‍ ജനറല്‍ സൊലേമാനിയുടെ വധത്തിന് പിന്നാലെ യുഎസ് സൈന്യവും, മറ്റ് വിദേശ സൈന്യങ്ങളെയും പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിട്ടുണ്ട്.

എന്നാല്‍ തങ്ങളെ വെറുതെ പുറത്താക്കാന്‍ പറ്റില്ലെന്ന് ട്രംപ് മറുപടിയും നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് വന്‍തുക ചെലവിട്ട് നിര്‍മ്മിച്ച എയര്‍ബേസിനും മറ്റും ഇറാഖ് സര്‍ക്കാര്‍ പണം തിരികെ നല്‍കേണ്ടി വരുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇറാഖിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഭീഷണി മുഴക്കി.

Top