ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം; സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം അറുപതാക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴിയിലുള്ള അലോപ്പതി ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതായി 2017-ല്‍ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതേ ആനുകൂല്യം ആയുഷ് വകുപ്പിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേര്‍സ് അസോസിയേഷനും രണ്ട് ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. സുപ്രീം കോടതി ഉത്തരവോടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒക്ടോബറിന് മുമ്പ് നയപരമായ തീരുമാനം എടുക്കണം.

ആയുഷ് വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം അറുപതാക്കി ഉയര്‍ത്താന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ട്രിബ്യുണല്‍ ഉത്തരവ് റദ്ദാക്കി. വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും അതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കിയയായിരുന്നു ഹൈക്കോടതി ഉത്തരവ്. തീരുമാനം മൂന്ന് മാസത്തിനകം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി വിധിക്ക് എതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഈ നിര്‍ദേശം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയില്‍ അതിനെ ചോദ്യംചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

 

Top