മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടി വായടപ്പിക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി ഭരണകൂടം. .

മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് തുര്‍ക്കി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പെലിന്‍ അണ്‍കെര്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് 13 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. ഈ വിധി പ്രതീക്ഷിച്ചത് തന്നെ ആയിരുന്നു എന്നാണ് പെലിന്‍ പുറത്തു വിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്. പാരഡൈസ് പേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ അന്വേഷണത്തിന് സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.

തുര്‍ക്കി ദിനപ്പത്രം കംഹറിയത്തിന് വേണ്ടിയായിരുന്നു അവര്‍ ഈ ജോലി പൂര്‍ത്തിയാക്കിയത്. രാജ്യത്തെ ഹൈപ്രൊഫൈല്‍ ഉള്ള നിരവധി നേതാക്കളുടെയും കമ്പനികളുടെയും നികുതി വിവരങ്ങള്‍ ഇതിലൂടെ പുറത്തു വന്നു. നിലവിലെ സ്‌കീമുകള്‍ നികുതി വെട്ടിപ്പിന് വേണ്ടി ഇവര്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നു വിശദമാക്കുന്നതായിരുന്നു പെലിന്‍ അണ്‍കെര്‍ പുറത്തു കൊണ്ടു വന്ന വിവരങ്ങള്‍.

തുര്‍ക്കിയുടെ മുന്‍ പ്രധാനമന്ത്രി ബിനാലി യില്‍ഗദിരിം, അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര്‍ എന്നിവരായിരുന്നു അണ്‍കെറിന്റെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞു നിന്ന താരങ്ങള്‍. മുന്‍ പ്രധാനമന്ത്രിയെയും മക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് പെലിന്‍ അണ്‍കെറിനെതിരായ പ്രധാന ആരോപണം.

കള്ളപ്പണവും നികുതി വെട്ടിച്ചുള്ള വിദേശ നിക്ഷേപവുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരാണ് പാരഡൈസ് പേപ്പേഴ്സ്. ബര്‍മുഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ കമ്പനിയായ ആപ്പിള്‍ബൈയില്‍നിന്നു സ്വന്തമാക്കിയ 13.4 മില്യന്‍ രേഖകള്‍ക്ക് മേല്‍ നടത്തിയ അന്വേഷണങ്ങളുടെ ഫലമാണ് റിപ്പോര്‍ട്ട്.

2016ലെ പാനമ റിപ്പോര്‍ട്ടിനു സമാനമായി ജര്‍മന്‍ പത്രമായ സുദോത്ഷെ സൈതൂങ്ങാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സും, ബി.ബി.സി, ദ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കം 67 രാജ്യങ്ങളില്‍നിന്നുള്ള 100ഓളം മാധ്യമസ്ഥാപനങ്ങളും അന്വേഷണത്തില്‍ പങ്കുകൊണ്ടു. ഇന്ത്യയില്‍നിന്ന് ഇന്ത്യന്‍ എക്സ്പ്രസ് മാധ്യമപ്രവര്‍ത്തകരായിരുന്നു അന്വേഷണത്തിന്റെ ഭാഗമായത്.

ലോകത്തിലെ തന്നെ സുപ്രധാന നേതാക്കളെയും ബിസിനസ് സംരംഭകരെയും അടിതെറ്റിക്കാന്‍ പാരഡൈന്‍ പേപ്പറുകള്‍ക്ക് സാധിച്ചു. ഇതില്‍ പ്രവര്‍ത്തച്ച മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ നിരന്തരം വേട്ടയാടപ്പെടുകയാണ്.

മാധ്യമ പ്രവര്‍ത്തകരുടെ വായടപ്പിക്കാനുള്ള നീക്കങ്ങളാണ് തുര്‍ക്കി ഭരണകൂടം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ ചെയ്ത റിപ്പോര്‍ട്ടുകളുടെ പേരില്‍ ഇവിടെ ജയിലില്‍ കഴിയുന്നുണ്ട്. 31 ഓളം മാധ്യമപ്രവര്‍ത്തകര്‍ നിലവില്‍ തുര്‍ക്കി ജയിലില്‍ കഴിയുന്നുണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെ ഏകാധിപതിയെന്നു വിശേഷിപ്പിച്ചതിനു മാധ്യമപ്രവര്‍ത്തകന്‍ ഹുസ്‌നു മഹല്ലിക്ക് 2 വര്‍ഷം തടവുശിക്ഷ വിധിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. പ്രതിപക്ഷ പത്രത്തില്‍ പംക്തികളെഴുതുന്ന മഹല്ലി 2016 ഡിസംബറിലാണ് അറസ്റ്റിലായത്. സിറിയയിലെ ഭീകരസംഘങ്ങള്‍ക്കു തുര്‍ക്കിയുടെ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അന്താരാഷ്ട്രതലത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം വേട്ടയാടപ്പെടുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം യുനസ്‌കോ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012 മുതല്‍ 2016 വരെയുള്ള കണക്കു മാത്രം പരിശോധിച്ചാല്‍ 530 മരണങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചത്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top