കേമന്‍ ആര്! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ?

റിയോ ഡി ജനീറോ: സമകാലിക ഫുട്‌ബോള്‍ ലോകത്തെ രണ്ടു തട്ടില്‍ നിര്‍ത്തുന്ന ചോദ്യമാണ് ആരാണ് കൂടുതല്‍ കേമന്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ? എന്നത്. ഈ മില്യണ്‍ ഡോളറിന്റെ ചോദ്യത്തിന് ഇതിഹാസ താരം പെലെയുടെ ഉത്തരം ഇതാണ്: മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ തന്നെ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാള്‍ കേമനാക്കുന്നതെന്നാണ് പെലെയുടെ വിശദീകരണം. അതേസമയം, എക്കാലത്തെയും മികച്ച താരം താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല! ഒരു യൂട്യൂബ് ചാനലിലാണ് പെലെയുടെ പ്രതികരണം.

ഇപ്പോഴത്തെ താരങ്ങളില്‍ റൊണാള്‍ഡോയ്ക്കാണ് അദ്ദേഹം പിന്തുണ നല്‍കിയതെങ്കിലും, ഇവരേക്കാള്‍ മികച്ച ഒരുപിടി താരങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു. മുന്‍ താരങ്ങളെ ആകെക്കൂടി പരിഗണിച്ചാല്‍ എക്കാലത്തെയും ഒന്നാമന്‍ താന്‍ തന്നെയാണെന്നും പെലെ അഭിപ്രായപ്പെട്ടു. ‘ഇത് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടേറിയൊരു ചോദ്യമാണ്’ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തോട് പെലെ പ്രതികരിച്ചതിങ്ങനെ. ‘സീക്കോ, റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ (ബ്രസീല്‍) തുടങ്ങിയവരെ നമുക്കു മറക്കാനാകില്ല. യൂറോപ്പിലാണെങ്കില്‍ ഫ്രാന്‍സ് ബെക്കന്‍ബോവറും യൊഹാന്‍ ക്രൈഫുമുണ്ട്. ഒരു കാര്യം പ്രത്യേകം പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇവരേക്കാളുമൊക്കെ മികച്ച താരം പെലെ തന്നെയാണ്’ പെലെ പറഞ്ഞു.

Top