പെഗാസസ്; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍

ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ രാജ്യസഭയില്‍ കാര്‍ഷിക വിഷയങ്ങളില്‍ ചര്‍ച്ച തുടങ്ങി സര്‍ക്കാര്‍. ചര്‍ച്ചയോട് സഹകരിക്കാതെ പെഗാസസ് ആദ്യം ചര്‍ച്ചയ്‌ക്കെടുക്കണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. ഇതോടെ രാജ്യസഭയില്‍ വലിയ ബഹളം തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നാണ് കാര്‍ഷിക വിഷയങ്ങളിലെ ചര്‍ച്ച രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്.

പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ തുടര്‍ച്ചയായി പതിനാറു ദിവസം പാര്‍ലമെന്റ് തടസ്സപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ ബഹളത്തിനെതിരെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ ആഞ്ഞടിച്ചു. സാധാരണക്കാരുടെ വിഷയം സഭയില്‍ ഉയര്‍ത്താന്‍ ബഹളം വെയ്ക്കുന്നവര്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി.

സാധാരണക്കാരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങള്‍ ഉന്നയിക്കപ്പെടേണ്ട വേദി തടസ്സപ്പെടുത്തുന്നു എന്നാണ് വിമര്‍ശനം. സീറ്റുകളിലേക്ക് മടങ്ങണമെന്നും വിഷയങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നിങ്ങള്‍ നല്‍കണമെന്നും ഈ രീതി ശരിയല്ലെന്നും പ്രതിപക്ഷത്തോട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പെഗാസസ് നിരീക്ഷണത്തില്‍ പല രാജ്യങ്ങളിലും ആശങ്കയുണ്ട്. ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ മാറ്റത്തിനു പോലും ഇടയാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് ചര്‍ച്ച ചെയ്യാതെ എന്തുകൊണ്ട് ഒളിച്ചോടുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യം.

 

Top