പെഗാസസ്; രാജ്യസഭയില്‍ പ്രതിഷേധിച്ച ആറ് തൃണമൂല്‍ എംപിമാരെ സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: പെഗാസസ് പ്രതിഷേധത്തില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് നടപടി. ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ രഞ്ജന്‍ ബിശ്വാസ്, ശാന്ത ഛേത്രി, അര്‍പിത ഘോഷ്, മൗസം നൂര്‍ എന്നിവര്‍ക്കെതിരേയാണ് നടപടി.

പെഗാസസ് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ച എംപിമാരോട് അവരുടെ സീറ്റുകളിലേക്ക് മടങ്ങാന്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്കെതിരേ റൂള്‍ 255 പ്രകാരം നടപടി എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അംഗങ്ങളെ സസ്പെന്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ട്വീറ്റ് ചെയ്തു. മോദി-ഷാ സ്വേച്ഛാധിപത്യത്തിനെതിരെ മുഴുവന്‍ പ്രതിപക്ഷവും ഒന്നിക്കുന്നത് കാണാന്‍ ഇന്ന് രണ്ട് മണിക്ക് രാജ്യസഭയിലേക്ക് വരൂ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

 

Top