പെഗാസസ്; ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി അംഗങ്ങള്‍ യോഗം തടസ്സപ്പെടുത്തിയെന്ന് ശശി തരൂര്‍

sasi tharoor

ന്യൂഡല്‍ഹി: ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ചര്‍ച്ചയാകാതിരിക്കാന്‍ ഐ.ടി പാര്‍ലമെന്ററി സമിതി യോഗം ബിജെപി അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ജൂലൈ 28ന് നടന്ന യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ഉദ്യോഗസ്ഥരെ ബിജെപി തടഞ്ഞെന്നും പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ കൂടിയായ ശശി തരൂര്‍ ആരോപിച്ചു.

പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചത്. പെഗാസസുമായി ബന്ധപ്പെട്ട് സമിതിക്കുമുന്‍പാകെ വിശദീകരിക്കേണ്ടിയിരുന്ന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ നിര്‍ദേശം ലഭിച്ചതായാണ് തരൂര്‍ ആരോപിക്കുന്നത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരിക്കാം. എന്തായാലും പെഗസസ് വിഷയം വൈകാതെ ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷയെന്നും തരൂര്‍ പറഞ്ഞു. രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാര്‍ലമെന്റിനെ ബിജെപി റബര്‍ സ്റ്റാമ്പാക്കി മാറ്റി. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ബിജെപിക്ക് പാര്‍ലമെന്റ്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ പരിഹസിക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു.

Top