പെഗാസസ്; പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നല്‍കുന്ന മറുപടി രാഷ്ട്രീയപരമായും ഏറെ പ്രധാന്യമുള്ളതാണ്.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ നല്‍കിയ പത്ത് പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുന്നത്. വിശദമായി തന്നെ വാദം കേള്‍ക്കുമെന്ന് കോടതി നേരത്തെ സൂചന നല്‍കിയിരുന്നു.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസ്സില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്‌പൈവെയര്‍ വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ എന്തിന് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കേണ്ടിവരും.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസില്‍ ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു.

എന്‍.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയോ, പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയോ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നാണ് ഹര്‍ജികളിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി നിര്‍ണായകമാകും.

Top