പെഗാസസ്; 14 ലോകനേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്‌റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ലോക നേതാക്കളുടെ പേരുകളും പട്ടികയിലെന്ന് റിപ്പോര്‍ട്ട്.

പാകിസ്താന്‍ പ്രധാനമന്ത്രിയുടേതടക്കം 14 ലോകനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ എന്നിവരടക്കം 34 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ പട്ടികയിലുണ്ട്.

14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകളും എന്‍എസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയില്‍ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ സൈനിക മേധാവികള്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍.

ഇമ്മാനുവല്‍ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തല്‍ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോണ്‍ നമ്പര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫ്രഞ്ച് സ്വതന്ത്ര്യ വാര്‍ത്ത സൈറ്റ് ഫോര്‍ബിഡന്‍ സ്‌റ്റോറീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസ് വാര്‍ത്ത പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

 

Top