പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്ററി സമിതി ജൂലൈ 28ന് യോഗം ചേരും

sasi-tharoor

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ഐടി സമിതി വിഷയം ചര്‍ച്ച ചെയ്യും. പാര്‍ലമെന്റിന്റെ ഐടി സമിതി ജൂലൈ 28നാണ് പെഗാസസ് വിഷയം ചര്‍ച്ച ചെയ്യുക. സമിതി അധ്യക്ഷനായ ശശി തരൂര്‍ എംപി പെഗാസസില്‍ നേരത്തെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ കമ്മിറ്റി ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തില്‍ ഹാജരാകാന്‍ ഐടി മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 28ന് വൈകുന്നേരം നാലുമണിക്കാണ് യോഗം ചേരുന്നത്. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, ബിജെപി എംപി തേജസ്വി സൂര്യ, തൃണമൂല്‍ എംപി മഹുവാ മോയിത്ര തുടങ്ങിയവരാണ് പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ അംഗങ്ങള്‍.

2017 ജൂലൈയില്‍ നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ചു എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

എന്‍എസ്ഒയുടെ പെഗാസസ് പദ്ധതിക്ക് പണം നല്‍കിയത് ആരാണെന്ന സത്യം അറിയണമെന്നും മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മോദി കത്തെഴുതണമെന്നും സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.

Top