പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇന്ന് പ്രതിപക്ഷ യോഗം ചേരും

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ മോക്ക് പാര്‍ലമെന്റ് നടത്തി വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിക്കാന്‍ ഇന്ന് പ്രതിപക്ഷ യോഗം ചേരും. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പതിനാല് പാര്‍ട്ടികള്‍ സംയുക്തമായി മുദ്രാവാക്യം മുഴക്കിയിരുന്നു. പെഗാസസില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ തുടര്‍ച്ചയായ പത്താം ദിനവും പാര്‍ലമെന്റ് തടസപ്പെട്ടതിന് പിന്നാലെയാണ് മോക്ക് പാര്‍ലമെന്റ് നടത്തി വിഷയം ചര്‍ച്ച ചെയ്യുന്ന കാര്യം ആലോചിക്കാന്‍ ഇന്ന് പ്രതിപക്ഷ യോഗം ചേരുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളുമായി നടത്താനിരുന്ന ചര്‍ച്ചയും റദ്ദാക്കിയിരുന്നു. അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം സ്വീകാര്യമല്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു. കൊവിഡ് സാഹചര്യം ആദ്യം ചര്‍ച്ച ചെയ്യാം എന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെയാണ് പുറത്ത് മോക്ക് പാര്‍ലമെന്റ് നടത്തി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയത്. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും നിലപാടില്‍ ഉറച്ച് നിന്ന കേന്ദ്രത്തിന് എന്‍ഡിഎക്കുള്ളില്‍ ഭിന്നസ്വരം ഉയര്‍ന്നത് തിരിച്ചടിയായിട്ടുണ്ട്.

Top