പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡല്‍ഹി: ഇസ്രയേലി സ്‌പൈവെയര്‍ പെഗാസസ് ദുരുപയോഗം ചെയ്‌തോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ബുധനാഴ്ച ചീഫ് ജസ്റ്റിസ് (സിജെഐ) എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജികള്‍ പരിശോധിച്ച കോടതി, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജസ്റ്റിസ് രവീന്ദ്രന്‍ കമ്മിറ്റി രൂപീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എട്ടാഴ്ചത്തെ സമയം നല്‍കുകയും ചെയ്തിരുന്നു.

സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഡിജിറ്റല്‍ ഫോറന്‍സിക്സ് പ്രൊഫസറും ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീനുമായ നവീന്‍ കുമാര്‍ ചൗധരി, പ്രഭാഹരന്‍ പി, പ്രൊഫസര്‍ (സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ്, അമൃത വിശ്വ വിദ്യാപീഠം, കേരളം), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറുമായ അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരാണ് കോടതി നിയോഗിച്ച സമിതിയിലെ മറ്റ് അംഗങ്ങള്‍.

സാങ്കേതികവും അന്വേഷണപരവുമായ വശങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ അലോക് ജോഷിയും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍/ഇന്റര്‍നാഷണല്‍ ഇലക്ട്രോ-ടെക്നിക്കല്‍ കമ്മീഷന്‍/ജോയിന്റ് ടെക്നിക്കല്‍ കമ്മിറ്റി എന്നിവയുടെ ഉപസമിതി അധ്യക്ഷന്‍ സണ്‍ദീപ് ഒബ്റോയിയും സാങ്കേതിക സമിതിയെ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ അന്വേഷണ സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു.

 

 

Top