പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ.

ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിലൂടെ ഇന്ത്യയുടെ വികസന പാതയുടെ പാളം തെറ്റിക്കാന്‍ കഴിയില്ല. വര്‍ഷകാല സമ്മേളനം പുരോഗതിയുടെ പുതിയ ഫലങ്ങള്‍ നല്‍കും. തടസക്കാര്‍ക്ക് വേണ്ടി കുഴപ്പക്കാരുടെ റിപ്പോര്‍ട്ടാണിതെന്നും അമിത് ഷാ പ്രതികരിച്ചു.

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നും അമിത് ഷാ ആരോപിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത തള്ളി കേന്ദ്രം രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

 

Top