പെഗാസസ്: നിരീക്ഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അന്വേഷണം ആവശ്യപ്പെട്ടാണ് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. പെഗാസസ് വിവാദത്തില്‍ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹര്‍ജികള്‍.

പരന്‍ജോയ് ഗുഹ തക്കൂര്‍ദാ, എസ്എന്‍എം അബ്ദി, പ്രേംശങ്കര്‍ ഝാ, രൂപേഷ് കുമാര്‍ സിങ്, ഇപ്‌സാ ശതാക്‌സി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകര്‍. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ ഫോണില്‍ നടത്തിയ ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ തങ്ങളുടെ ഫോണില്‍ പെഗാസസ് മാല്‍വെയര്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി തങ്ങള്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Top