പെഗാസസ്; അന്വേഷണവുമായി മമത ബാനര്‍ജിയുടെ ജുഡീഷ്യല്‍ കമ്മീഷന്‍

കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങി. സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി മദന്‍ ബി ലോക്കൂര്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് കേസ് അന്വേഷിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

ഈ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന്‍ പബ്ലിക് ട്രസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്തെ മമത ബാനര്‍ജിയുടെ അഡൈ്വസര്‍ പ്രശാന്ത് കിഷോര്‍, തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി എന്നിവരുടെ ഫോണും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തി എന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.  ഇതോടെ ഒരിടവേളക്ക് ശേഷം മമതയും കേന്ദ്രവും നേര്‍ക്കുനേര്‍ വരും.

Top