ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ”പെഗാസസ് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങള്‍ക്കും എതിരെയാണ് പെഗാസസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്” രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് പ്രശ്‌നം ഞങ്ങള്‍ ഉന്നയിച്ചതാണ്. ഇപ്പോള്‍ സുപ്രീം കോടതിയും വിഷയത്തില്‍ നയം വ്യക്തമാക്കുകയും ഞങ്ങള്‍ പറഞ്ഞതിനെ പിന്തുണക്കുകയും ചെയ്തു. ആരാണ് പെഗാസസിന്റെ ഉത്തരവാദികള്‍, ആര്, ആര്‍ക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ ചോദിച്ചത്.

മുഖ്യമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി, ബിജെപി മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയെല്ലാം പെഗാസസ് ഉപയോഗിച്ചിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയ വിവരങ്ങള്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ചിരുന്നോ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ സംഭാഷണം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Top