പെഗാസസ്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം അഡീഷനല്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കിയത്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പെഗസസ് ചാര സോഫ്റ്റ്വെയറുമായി സര്‍ക്കാരിനു ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പെഗാസസ് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഗൗരവകരമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കേസ് ഇന്നു പരിഗണിക്കാന്‍ കോടതി മാറ്റിയതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

 

Top