നെടുങ്കണ്ടം കസ്റ്റഡി മരണം ; എസ്പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന്. .

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ് കുമാര്‍ മരിച്ച കേസില്‍ എസ്പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി. ഇന്നലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എസ്ഐ സാബുവിന്റേയും സിപിഒ സജീവ് ആന്റണിയുടേയും ജാമ്യാപേക്ഷയാണ് തള്ളിയത്. ഒന്നും നാലും പ്രതികളാണ് ഇവര്‍. ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ഒന്നാം പ്രതി എസ്‌ഐ സാബു പറഞ്ഞിരുന്നു. എസ്‌ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എസ്‌ഐ സാബുവിനും സിപിഒ സജീവ് ആന്റണിക്കും ജാമ്യം നല്‍കാത്തത് കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്ന സാഹചര്യത്തിലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റിലായിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി.വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്നാല്‍ ദേഹപരിശോധനയ്ക്കായി നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ച മൂന്ന് പേര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചു.

നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.

Top