നെടുങ്കണ്ടം കസ്റ്റഡിമരണം ; എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ

നെടുങ്കണ്ടം : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരുന്ന പ്രതി മരിച്ച സംഭവത്തില്‍ എസ്പിയുടെ പങ്ക് ഗൗരവമായി കാണണമെന്ന് സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ ശിവരാമന്‍. എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മര്‍ദ്ദനമുറകള്‍ ഉണ്ടാവില്ലെന്നും എസ്പിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും ശിവരാമന്‍ പറഞ്ഞു.

സംഭവത്തില്‍ എസ്.പി.യ്ക്കും ഡി.വൈ.എസ്.പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്നത് പരിശോധിക്കുമെന്നും ജയില്‍, ആശുപത്രി അധികൃതരില്‍നിന്ന് വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്നും ഡി.ജി.പി. പറഞ്ഞു.

സംഭവത്തില്‍ ജൂലൈ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ഇടുക്കി എസ്.പി.യുടെ വാദം. എന്നാല്‍ എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന.

എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. എസ്പിയും ഡിവൈഎ്പിയും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

Top