കസ്റ്റഡി മരണം : എസ്‌ഐ സാബുവിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ എസ് ഐ സാബു അടക്കം നാല് പേരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി എസ് ഐ സാബുവിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ ഒമ്പത് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേസിലെ സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അത് കൊണ്ടു തന്നെ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് സംഘം നല്‍കുന്നത്.

രാജ്കുമാര്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന നാല് ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പേരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും കുടുതല്‍ അറസ്റ്റിലേക്ക് നയിക്കാന്‍ പാകത്തില്‍ വിവരങ്ങളൊന്നും ഇവരില്‍ നിന്ന് കിട്ടിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ 52 പൊലീസുകാരെയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ വിളി വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

ഇടുക്കി മുന്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ വിശദാംശങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണു വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണു പ്രധാനമായും ചോര്‍ത്തിയതെന്നാണു സൂചന. നെടുങ്കണ്ടം സ്റ്റേഷനിലെ പോലീസുകാരുടെ ഫോണ്‍ വിളി വിവരങ്ങളും ചോര്‍ത്തിയതായി ആരോപണമുണ്ട്.

കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണ വിവരം പരസ്പരം പങ്ക് വയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണ് ക്രൈം ബ്രാഞ്ച് സംഘമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top