നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പിയുടെ അറിവോടെ

കുമളി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്.പി.യുടെ വാദം പൊളിയുന്നു. എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന.

എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. എസ്പിയും ഡിവൈഎ്പിയും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. അവശനായി ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്. സിപിആര്‍ നല്‍കുന്ന രോഗിയെ കിടത്തി ചികില്‍സിക്കുയായിരുന്നു വേണ്ടത്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

രാജ്കുമാറിനെ 18, 19 തിയ്യതികളിലാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാല്‍ പരിശോധിപ്പിക്കാതെ പൊലീസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന വിവരം. ജൂണ്‍ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കല്‍ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയില്‍ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.

Top