നെടുങ്കണ്ടം കസ്റ്റഡി മരണം : പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍

ഇടുക്കി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാണമെന്നുള്ള ആവശ്യത്തില്‍ പ്രതികരണവുമായി ഫോറന്‍സിക് സര്‍ജന്‍ രംഗത്ത്. പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്നും പോലീസിനും ആര്‍ഡിഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിര്‍ദേശം നല്‍കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കിയിരുന്നു.

കേസിന്റെ പ്രാധാന്യവും ഗൗരവവും ഉള്‍ക്കൊള്ളുന്നതായിരുന്നില്ല ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും അടങ്ങിയതാണ് അത്. ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങള്‍ഇന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ സന്ദര്‍ശിക്കും.രാവിലെ പതിനൊന്ന് മണിക്കെത്തുന്ന കമ്മീഷന്‍ ആദ്യം സ്റ്റേഷനില്‍ പരിശോധന നടത്തും. പിന്നീട് രാജ്കുമാറിനെ ദേഹപരിശോധനക്കായി കൊണ്ടുപോയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി സന്ദര്‍ശിക്കും.പീരുമേട് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. രാജ് കുമാറിന്റെ കുടുംബത്തേയും കമ്മീഷന്‍ കാണും. ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്താനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top