കസ്റ്റഡി മരണം ; പൊലീസ് നടപടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസില്‍ പൊലീസ് നടപടിയെ തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സംഭവത്തില്‍ പൊലീസിന്റെ നടപടി ക്രൂരവും പൈശാചികവുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് അറിയിക്കണമെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു. ഹര്‍ജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

അതേസമയം രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, എഫ്‌ഐആറും കുടുംബത്തിന് നല്‍കാനും രാജ്കുമാറിന്റെ ബാങ്ക് പാസ്ബുക്ക് വിട്ട് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മര്‍ദ്ദനമാണ് മരണ കാരണമെന്നും മരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ഭാര്യ വിജയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തില്‍ എസ്പി, ഡിവൈഎസ്പി, മജിസ്ട്രേറ്റ്, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top