നെടുങ്കണ്ടം കസ്റ്റഡിമരണം: ജയില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച്

ഇടുക്കി: റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്. ശരീരത്തിലേറ്റ മുറിവുകളില്‍ ന്യൂമോണിയ ബാധയേറ്റാണ് രാജ്കുമാര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ന്യൂമോണിയക്കു കാരണം കൃത്യസമയത്ത് ചികിത്സ നല്‍കാതിരുന്നതാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

അതേസമയം സംഭവത്തില്‍ ജയില്‍ അധികൃര്‍ മനപ്പൂര്‍വമാണോ വീഴ്ച വരുത്തിയതെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതിനായി ജയിലിലെ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

കേസില്‍ ഇടുക്കി എസ്.പി.ക്ക് വീഴ്ച പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

കേസില്‍ പ്രതിപക്ഷമടക്കം നേരത്തെ തന്നെ എസ്പിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തില്‍ എസ്.പി.വേണുഗോപാലിനെ തല്‍സ്ഥാനത്ത് നീക്കാനാണ് സാധ്യത.

ഇതിനിടെ രാജ്കുമാറിന്റെ വീട്ടുകാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ അമ്മ കസ്തൂരി ബാര്യ വിജയമ്മ, കുട്ടികള്‍ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടും. ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Top