നെടുങ്കണ്ടം കസ്റ്റഡിമരണം ; ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം

നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ഹൈക്കോടതി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടി. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണ് എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കഴിഞ്ഞ ജൂണ്‍ 15 നാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് നെടുങ്കണ്ടം കോടതിയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന രാജ്കുമാറിനെ ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് ഹാജരാക്കിയത്. രാജ്കുമാറിനെ ഇവരാണ് റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്. നെടുങ്കണ്ടം മജിസ്ട്രേറ്റ് അവധിയായിരുന്നു. സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്.

അതേസമയം തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരുക്കുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 22 പരിക്കുകളില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുണ്ട്. നാല് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഒരുപക്ഷെ ജീവന്‍നല്‍കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചതാവാം വാരിയല്‍ പൊട്ടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയന്നു.

രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Top