നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് ഡി.ജി.പി.

ഇടുക്കി: ഇടുക്കി പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ കുറ്റം ചെയ്തിട്ടുള്ള ആരെയും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ

പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

അതേസമയം രാജ്കുമാറിനെ ജയിലില്‍ എത്തിച്ചപ്പോള്‍ തന്നെ അവശനായിരുനെന്ന്‌ ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാര്‍ പറഞ്ഞു. പ്രതിയെ പൊലീസുകാര്‍ എടുത്താണ് ജയിലിനകത്ത് എത്തിച്ചത്. പ്രതി മറിഞ്ഞു വീണതാവാന്‍ സാധ്യത ഇല്ലെന്നും പിറ്റേന്ന് നില കൂടുതല്‍ വഷളായപ്പോള്‍ പീരുമേട് ആശുപത്രിയില്‍ കൊണ്ടുപോയെന്നും സൂപ്രണ്ട് വ്യക്തമാക്കി.

രാജ്കുമാറിന്റെ കാലിന് മുറിവേറ്റിരുന്നു. ഇയാള്‍ നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഇതെന്ത് പറ്റിയെന്ന് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ ഓടി മതിലില്‍ കയറി, അവിടെ നിന്ന് വീണതാണെന്ന് പ്രതി പറഞ്ഞുവെന്നും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി.

പൊലീസ് പറഞ്ഞത് 16-ാം തിയ്യതി രാവിലെ 8.30 നാണ് പ്രതിയെ ജയിലിലെത്തിച്ചതെന്നായിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി 17-ാം തിയ്യതി പുലര്‍ച്ചെ ഒന്നരക്കാണ് രാജ് കുമാറിനെ ജയിലിലെത്തിച്ചതെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്.

Top