നെടുങ്കണ്ടം കസ്റ്റഡിമരണം ; വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ

കുമളി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ എസ്.പി.യ്ക്കും ഡി.വൈ.എസ്.പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്നത് പരിശോധിക്കുമെന്നും ജയില്‍, ആശുപത്രി അധികൃതരില്‍നിന്ന് വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്നും ഡി.ജി.പി. പറഞ്ഞു.

സംഭവത്തില്‍ ജൂലൈ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ഇടുക്കി എസ്.പി.യുടെ വാദം. എന്നാല്‍ എസ് പിയുടെ അറിവോടെയാണ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരുന്നതെന്നും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പൊലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന.

എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു. എസ്പിയും ഡിവൈഎ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. അവശനായി ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്. സിപിആര്‍ നല്‍കുന്ന രോഗിയെ കിടത്തി ചികില്‍സിക്കുയായിരുന്നു വേണ്ടത്. ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

പൊലീസ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് അടിച്ചുവെന്നും അമ്മ കസ്തൂരി പറഞ്ഞു.

ജീപ്പിന്റെ പിന്നിലിട്ടും മകനെ പോലീസ് മര്‍ദ്ദിച്ചിരുന്നെന്നും കൂടാതെ രാജ്കുമാര്‍ മരിച്ച വിവരം വളരെ വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും കസ്തൂരി ആരോപിച്ചു. രാജ്കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവന്നത് 12ന് അര്‍ദ്ധ രാത്രി 12.30ന് ആണെന്നും, ഒന്നര മണിക്കൂറോളം പൊലീസ് വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അമ്മ വ്യക്തമാക്കി.

ഇതിനിടെ പൊലീസിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി രാജ്കുമാറിനെതിരെ പരാതി നല്‍കിയ യുവതി രംഗത്തെത്തി. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയില്ലെന്നും തന്റെ പരാതി എസ് പി വളച്ചൊടിച്ചുവെന്നും ആലീസ് പറയുന്നു. വിശദമായി കേസ് അന്വേഷിക്കണമെന്നായിരുന്നു താന്‍ നല്‍കിയ പരാതിയെന്നും ആലീസ് വ്യക്തമാക്കി.

നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും എന്ത് വിലകൊടുത്തും പൊലീസിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുമെന്ന് ആലീസ് കൂട്ടിച്ചേര്‍ത്തു. കസ്റ്റഡിമരണക്കേസില്‍ ദൃക്‌സാക്ഷിയാണ് ആലീസ്.

Top