പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം ; കസ്റ്റഡി മര്‍ദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

ഇടുക്കി : പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ കസ്റ്റഡിമരണം നടന്നുവെന്ന് സ്ഥിരീകരിച്ച് ക്രൈം ബ്രാഞ്ച് സംഘം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ രേഖകളും പരിശോധിച്ചു. ശാസ്ത്രീയ തെളിവെടുപ്പ് ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തും.

ഇതിനിടെ, സംഭവത്തില്‍ പൊലീസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്നും വിവരം ലഭിക്കുന്നുണ്ട്. അവശനായി ആശുപത്രിയില്‍ എത്തിയ രാജ്കുമാറിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. സാധാരണ ഒപി പരിശോധന മാത്രമാണ് നടത്തിയത്. സിപിആര്‍ നല്‍കുന്ന രോഗിയെ കിടത്തി ചികില്‍സിക്കുയാണ് വേണ്ടത്.

ഈ രണ്ട് കാര്യങ്ങളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴി എടുക്കും.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്.

Top