നെടുങ്കണ്ടം കസ്റ്റഡി മരണം ; ക്രൈംബ്രാഞ്ച് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് അന്വേഷണസംഘം വസ്തുതാ റിപ്പോര്‍ട്ട് കൈമാറിയത്.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനമായി. മന്ത്രിസഭായോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം പ്രഖാപിച്ചത്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ശ്രമം.

സിറ്റിങ് ജഡ്ജിയെ വിട്ടു കിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ പോവുക.

നിയമസഭയില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും പൊലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top