നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ; സിബിഐ അന്വേഷണം വേണമെന്ന് പിടി തോമസ്

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎല്‍എ. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്‌ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷന് കഴിയില്ലെന്നും പിടി തോമസ് പറഞ്ഞു.

ഏറ്റവും പ്രധാന തെളിവ് കണ്ടെത്തേണ്ട പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ച അതീവ ഗൗരവമാണ്. ഇടുക്കിയിലെ മുന്‍ എസ്പിയുടെ ഇടപെടലുകളെല്ലാം ദുരൂഹമാണ്. അതുകൊണ്ട് തന്നെ ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിനെതിരെ നടപടി വേണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.

കസ്റ്റഡിമരണം പുറത്തുവന്നതിന്റെ ആദ്യ ദിനങ്ങളില്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. ഇതിന് ശേഷമാണ് ജയിലും ജുഡീഷ്യറിയും അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്ക് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top