നിയമസഭ തെരഞ്ഞെടുപ്പ്; പീരുമേട്ടിലും മണ്ണാര്‍ക്കാട്ടും ഉണ്ടായത് സംഘടനാപരമായ വീഴ്ചയെന്ന് സി.പി.ഐ

തിരുവനന്തപുരം: പീരുമേട്ടിലും മണ്ണാര്‍ക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തല്‍. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എല്‍ എ ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായില്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനവും ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപള്ളിയില്‍ അടക്കം ഉണ്ടായ തോല്‍വിയില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി പി ഐയുടെ അവലോകന റിപ്പോര്‍ട്ടുള്ളത്.

ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തില്‍ പരാമര്‍ശമുണ്ടായിരുന്നു . പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്. വി ഡി സതീശന്‍ വിജയിച്ച പറവൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

ഹരിപ്പാട് സിപിഎം വോട്ടുകള്‍ ചോര്‍ന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ഉദുമയില്‍ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Top