ഡൽഹിയെ ചുവപ്പിച്ച് കർഷക പോരാട്ടം, കൂടുതൽ കർഷകർ സമര മുഖത്തേക്ക്

ല്‍ഹിയിലെ കര്‍ഷക സമരം എട്ടു മാസം പിന്നിടുമ്പോള്‍ അതിന്റെ കരുത്തും ഇപ്പോള്‍ കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. എത്ര മാസങ്ങളും വര്‍ഷവും സമരം ചെയ്യേണ്ടി വന്നാല്‍ പോലും നീതി ലഭിക്കും വരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. അസാധാരണമായ പ്രഖ്യാപനമാണിത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്നതാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ നിയമങ്ങളിലെ ഭേദഗതിയില്‍ മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും പിന്തുടരുന്നത്. ക്രിമിനലുകളുടെ സമരമെന്ന് കര്‍ഷക സമരത്തെ ആക്ഷേപിക്കാനും ചില കേന്ദ്രമന്ത്രിമാര്‍ തയ്യാറായിട്ടുണ്ട്. ഇതും കര്‍ഷകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കുന്നത് അപമാനമായി കരുതുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍. അതുകൊണ്ടാണ് പതിനൊന്ന് തവണ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമൊന്നും ഇപ്പോഴും ആകാതിരിക്കുന്നത്. സമരം കടുപ്പിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ പാര്‍ലമെന്റ് മാര്‍ച്ചുകളുടെ ഒരു പരമ്പര തന്നെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച ലക്ഷ്യമിട്ടിരിക്കുന്നത്. ഇരുന്നൂറ് കര്‍ഷകര്‍ അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാണ് നിലവില്‍ ഈ പ്രതിദിന സമരത്തില്‍ പങ്കെടുക്കുന്നത്. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ സമരസമിതി പൊലീസിനും കൈമാറുന്നുണ്ട്. മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണിത്.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം കൂടി കണക്കിലെടുത്താണ് ഈ ജാഗ്രത. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റാലിയില്‍ നുഴഞ്ഞു കയറിയവരാണ് അന്ന് കലാപമുണ്ടാക്കിയതെന്ന നിലപാടിലാണ് ഇപ്പോഴും കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുന്നത്. ഇതിന് ഭരണപക്ഷത്തിന്റെ പിന്തുണ ഉണ്ടെന്നതാണ് മറ്റൊരു ആരോപണം. ഭരണകൂടത്തിന്റെ വേട്ടയാടലുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇപ്പോഴും കര്‍ഷകര്‍ സമരം മുന്നോട്ട് കൊണ്ടു പോകുന്നത്.

യു.പി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കെ കര്‍ഷക സമരം ബി.ജെ.പിക്കും ഇനി കൂടുതല്‍ വെല്ലുവിളിയാകും. യു.പി ഭരണം കൈവിട്ടാല്‍ കേന്ദ്രത്തിലെ ‘മൂന്നാം ഊഴം” മോദിക്കും അതോടെ സ്വപ്‌നം മാത്രമായി മാറാനാണ് സാധ്യത. അതേസമയം ഡല്‍ഹിയിലെ കര്‍ഷക സമരം കടുപ്പിക്കുന്നതിനായി സി.പി.എമ്മും ശക്തമായ ഇടപെടലാണ് നിലവില്‍ നടത്തി വരുന്നത്. സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ കര്‍ഷകരെ ഡല്‍ഹിയിലേക്ക് എത്തിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. കേരളം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പുറമെ തമിഴ് നാട്ടില്‍ നിന്നു കൂടി കര്‍ഷകരെ ഇപ്പോള്‍ ഡല്‍ഹിയിലേക്ക് എത്തിച്ചിട്ടുണ്ട്.

ആയിരത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയില്‍ എത്തുമെന്നാണ് കിസാന്‍ സഭ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 1000 കര്‍ഷകരാണ് പാര്‍ലമെന്റ് മാര്‍ച്ചിന് വേണ്ടി ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവരുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് സിംഗു അതിര്‍ത്തിയിലേക്കാണ് കര്‍ഷകരെ പറഞ്ഞയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തോളം ഈ കര്‍ഷകര്‍ സിംഗു അതിര്‍ത്തിയിലെ കര്‍ഷക സമരത്തിന്റെ ഭാഗമായാണ് ഇനി മാറുക. അതിനു ശേഷം പതിനൊന്നാം തീയതി വീണ്ടും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നതോടെ പ്രക്ഷോഭത്തിന്റെ ഗതി തന്നെ മാറ്റാനാണ് തീരുമാനം.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും പരമാവധി കര്‍ഷകരോട് ഡല്‍ഹിയിലെത്താന്‍ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഇതിനകം തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി ഭേദഗതി നിയമം റദ്ദാക്കുക, മിനിമം താങ്ങുവില നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ്, കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനം കൈ കൊള്ളേണ്ടത് ഇനി മോദി സര്‍ക്കാറാണ്. അനുകൂല തീരുമാനം എന്നുണ്ടായാലും അന്നു മാത്രമേ കര്‍ഷക സമരവും അവസാനിക്കുകയൊള്ളൂ അതും ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്.

Top