വിധി സമ്മാനിക്കുന്നത് തൂക്കുമരമായാലും ഫാസിസത്തോട് സന്ധിയില്ലെന്ന് മഅദനി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2009തില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കേരളയാത്ര നടത്തുകയും പൊന്നാനിയില്‍ പിണറായി വിജയനുമായി വേദി പങ്കിടുകയും ചെയ്ത പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ഇടതുപക്ഷവുമായി ഇടഞ്ഞ് രംഗത്ത്. ആര്‍ക്കും പിന്തുണ പതിച്ചു നല്‍കി അടിമകളാകാനില്ലെന്ന രാഷ്ട്രീയ നിലപാടാണ് മഅദ്‌നി പ്രഖ്യാപിച്ചിരിക്കുന്നത്. പി.ഡി.പിയ്ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള പൊന്നാനിയിലടക്കം അഞ്ചു മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും മഅദ്‌നിയാണ്. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ഇടതുപക്ഷത്തിനെ പിന്തുണച്ചിരുന്ന രാഷ്ട്രീയ നിലപാട് വീഡിയോ കോണ്‍ഫറന്‍സിലൂടെ മഅദനി തിരുത്തിയത്.

അതേസമയം, ബദ്ധവൈരികളായ മുസ്‌ലിം ലീഗിനോട് മൃദുസമീപനവും മഅദ്‌നി സ്വീകരിച്ചിട്ടുണ്ട്. ഫാസിസത്തിനെതിരെ ബദല്‍ എന്ന് അവകാശപ്പെട്ടവര്‍ ഒരു ഭാഗത്ത് ഗ്രൂപ്പുകളുടെയും ഉപഗ്രൂപ്പുകളുടെയും തടവറയില്‍ കുടുങ്ങികിടക്കുകയാണെന്ന മൃദു വിമര്‍ശനമാണ് യു.ഡി.എഫിനെതിരെ മഅദ്‌നി നടത്തിയത്. ഇടതു പക്ഷത്തിനെതിരെയായിരുന്നു രൂക്ഷ വിമര്‍ശനം. വ്യക്തിവിശുദ്ധിയല്ലാത്തവരും സാമ്പത്തികക്രമക്കേടുകളിലും ഭൂമിതട്ടിപ്പുകളിലുള്‍പ്പെട്ടവരെയും സ്ഥാനര്‍ത്ഥികളാക്കുക വഴി ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരെന്ന് അവകാശപ്പെടുന്നവര്‍ ആദര്‍ശവിശുദ്ധിയോ ഫാസിസ്റ്റ് വിരുദ്ധതയോ അല്ല തങ്ങളുടെ അജണ്ടയെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം അരോപിച്ചു.

ഏതെല്ലാം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും, എത്ര കള്ളക്കേസുകള്‍ എടുത്താലും അനീതിയുടെ വിധി സമ്മാനിക്കുന്നത് തൂക്കുമരമായാലും ഫാസിസത്തോട് തരിമ്പ് പോലും സന്ധിയാകില്ലായെന്ന് മഅ്ദനി പറഞ്ഞു. പൊന്നാനിയില്‍ പൂന്തുറ സിറാജ്, ആലപ്പുഴയില്‍ വര്‍ക്കല രാജ്, മലപ്പുറത്ത് നിസാര്‍ മേത്തര്‍, ചാലക്കുടിയില്‍ മുജീബ് റഹ്മാന്‍, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മാഹീന്‍ തേവരുപാറ എന്നിവരെയാണ് മഅദനി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.

ഫാസിസത്തെനെതിരെ കൊടുങ്കാറ്റാകാന്‍ ഇറങ്ങി തിരിച്ചവരെ ഫാസിസം പിടിച്ചു കെട്ടിയ കാഴ്ചയാണ് നാം കാണുന്നത്. ഫാസിസത്തിനെതിരെ കൊടുങ്കാറ്റകേണ്ടവര്‍ ഇളംതെന്നല്‍ പോലുമാകാതെ നിസംഗരായി നില്‍ക്കുകയാണ്. അധികാരസ്ഥാനങ്ങളിലെത്തിയില്ലെങ്കിലും ഫാസിസത്തിനെതിരെ തരിമ്പ് പോലും സന്ധിയാകാത്ത രാഷ്ട്രീയപ്രസ്ഥാനമാണ് പി ഡി പി. ദളിത് പിന്നോക്ക മതന്യൂനപക്ഷങ്ങളുടെ ഐക്യത്തിലധിഷ്ഠിതമായ മര്‍ദ്ധിത പക്ഷ രാഷ്ട്രീയം മുന്നോട്ട് വെച്ചതാണ് തന്നോടും പി ഡി പി യോടുമുള്ള ശത്രുതക്ക് കാരണമെന്നും മഅദ്‌നി ചൂണ്ടിക്കാട്ടി.

യു എ പി എ മഅ്ദനിക്കെതിരെ ആകുമ്പോള്‍ വര്‍ഗ്ഗീയതയും, മറ്റുള്ളവര്‍ക്കെതിരെ ആകുമ്പോള്‍ മതേതരത്വവും ആകുന്നതിലെ വൈരുദ്ധ്യം നാം തിരിച്ചറിയണം. രാജ്യസ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്കെതിരെ ദിനവും നാലും അഞ്ചും രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ചെയ്യുകയാണെന്നു മഅദ്‌നി ചൂണ്ടിക്കാട്ടി.

കേരളീയ സമൂഹം ഇത്തരക്കാരുടെ വിഷം വമിപ്പിക്കുന്ന വര്‍ഗ്ഗീയപ്രസംഗങ്ങളുടെ ഇരകളാകുന്ന കാഴ്ചയാണ് സമീപകാലത്ത് നാം കണ്ടതെന്നും മഅദ്‌നി പറഞ്ഞു. മുന്‍പ് രാഷ്ട്രീയ ശത്രുതയുടെ പേരിലും പ്രസംഗത്തിന്റെ പേരിലും 153എ പ്രകാരം തനിയ്‌ക്കെതിരെ കേരളത്തിലെടുത്ത 30 ഓളം കള്ളക്കേസുകള്‍ കോടതി വെറുതെ വിട്ട കാര്യം മഅ്ദനി ഒര്‍മിപ്പിച്ചു. ആക്ഷേപങ്ങളും ശത്രുതയും ഏറ്റുവാങ്ങുമ്പോഴും വ്യക്തിത്വം നിലര്‍ത്തി മുന്നോട്ട് പോകുകയാണ് പി ഡി പി. അവഗണനയുടെ പേരില്‍ ആദര്‍ശത്തില്‍ നിന്ന് അല്പം പോലും പിറകോട്ട് പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എതെങ്കിലും മുന്നണികള്‍ക്ക് പിന്തുണ പതിച്ച് നല്‍കി അടിമകളാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും സംസ്ഥാനത്ത് അഞ്ച് ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കുകയാണെന്നും മഅദനി പ്രഖ്യാപിച്ചു.

മഅദനിയുടെ നേരയുണ്ടായ നീതിനിഷേധത്തിനെതിരെ നിലപാടെടുത്ത സ്ഥാനാര്‍ത്ഥിയാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ്ബഷീര്‍. രണ്ടു തവണ മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും മഅദനിയുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് മോചനത്തിനായി ശ്രമിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസിലും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും മഅദനിയെ കേരളത്തില്‍ നിന്നും അറസ്റ്റു ചെയ്ത് കൈമാറിയത് ഇടതുപക്ഷം ഭരിക്കുമ്പോഴാണ്.

et muhammad basheer

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മഅദനിയെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണപോലും ഇതുവരെ തുടങ്ങിയിട്ടില്ല. ഇടതുപക്ഷത്തിന്റെ വിജയത്തിനായി 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഅദനി കേരള യാത്ര നടത്തിയിട്ടും മഅദനിയുടെ മോചനത്തിനായി ഇടതുപക്ഷം കാര്യമായൊന്നും ചെയ്തില്ലെന്ന പരാതിയും പി.ഡി.പിക്കുണ്ട്.

പി.ഡി.പി യുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏത് മുന്നണിയെയാണ് ബാധിക്കുക എന്നറിയാല്‍ വോട്ടെണ്ണി കഴിയുന്നത് വരെ കാത്ത് നില്‍ക്കേണ്ടി വരും. യു.ഡി.എഫ് ഈ നിലപാടിനെ അനുകൂലമായാണ് കാണുന്നത്. അതേസമയം, ഒരു വര്‍ഗ്ഗീയ സംഘടനകളുടെയും വോട്ട് തങ്ങള്‍ക്ക് വേണ്ടന്ന നിലപാടിലാണ് ഇടതുപക്ഷം.

എസ്.ഡി.പി.ഐ ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി എന്ന് ആരോപിച്ച് വ്യാപകമായി പൊന്നാനിയിലും മലപ്പുറത്തും എല്ലാം ഇടതുപക്ഷം ക്യാംപയിന്‍ തന്നെ തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇത് വെറും അപവാദ പ്രചരണം മാത്രമാണെന്നും ഒരിക്കല്‍ ഒരുമിച്ച് വോട്ട് തേടിയ മഅദ്‌നി തന്നെ ഇപ്പോള്‍ ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

political reporter

Top