ആത്മഹത്യാ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കരുത്; മാധ്യമങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം

suicide 2

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ആത്മഹത്യാവാര്‍ത്തകള്‍ എഴുതുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കരുതെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്നു.

മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 കൃത്യമായി പാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തു വിട്ട സര്‍ക്കുലറില്‍ പറയുന്നു. മാനസികാരോഗ്യത്തിന് ചികിത്സ നേടുന്നയാളുടെ ചിത്രം അയാളുടെ സമ്മതത്തോടെയല്ലാതെ ഒരുകാരണവശാലും പ്രസിദ്ധീകരിക്കരുത് എന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മറ്റ് പ്രധാന മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇവയാണ്.

*ആത്മഹത്യയെകുറിച്ചുള്ള വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ നല്‍കുകയോ, അനുചിതമായി ആവര്‍ത്തിച്ചുപയോഗിക്കുകയോ അരുത്.

*ആത്മഹത്യയെ ലളിതവത്കരിക്കുന്ന തരത്തിലോ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിലോ, പല പ്രശ്നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന രീതിയിലോ വാര്‍ത്തകള്‍ നല്‍കരുത്.

*ആത്മഹത്യ ചെയ്ത രീതി വിശദമാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്.

*ആത്മഹത്യ ചെയ്ത സ്ഥാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കരുത്.

*സെന്‍സേഷണല്‍ തലക്കെട്ടുകള്‍ ഉപയോഗിക്കരുത്

*ചിത്രങ്ങളോ വീഡിയോകളോ സാമൂഹ മാധ്യമങ്ങളുടെ ലിങ്കുകളോ നല്‍കരുത്

Top