മത്സരക്രമം പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതിക്കായി അയച്ചു; നിഷേധിച്ചാൽ ബഹിഷ്കരണം

കറാച്ചി : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തങ്ങളുടെ മത്സര വേദികൾ മാറ്റണമെന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. ഇന്ത്യ–പാക്കിസ്ഥാൻ മത്സരം അഹമ്മദാബാദിൽ നിന്ന് മാറ്റുക, അഫ്ഗാനിസ്ഥാനെതിരായ മത്സരം ചെന്നൈയിൽ നിന്നു ബെംഗളൂരുവിലേക്കും ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളായിരുന്നു പാക്കിസ്ഥാൻ മുന്നോട്ടുവച്ചത്.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതെങ്കിൽ ചെന്നൈയിലെ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നു കാണിച്ചായിരുന്നു അഫ്ഗാനിസ്ഥാനുമായുള്ള മത്സരം ബെംഗളൂരുവിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം ഐസിസി തള്ളി.

ഐസിസിയുടെ നടപടിയെക്കുറിച്ച് പിസിബി ഇതുവരെ പ്രതികരിച്ചിട്ടില്ല. മത്സരക്രമം പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്. സർക്കാർ അനുമതി നിഷേധിക്കുകയാണെങ്കിൽ ലോകകപ്പ് ബഹിഷ്കരിക്കേണ്ടി വരും.

Top