പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ആരാണെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു ആരാണെന്നും പി സി ജോര്‍ജ് ചോദിച്ചു.

‘സമരം ചെയ്യുന്ന പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ചെല്ലാന്‍ ജോജു ജോര്‍ജ് ആരാണ്. അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്. അയാള്‍ അവിടെയെത്തിയത് ഓട്ടോറിക്ഷയിലിരുന്നുവെന്ന വാദം തെറ്റാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുമായിരുന്നു.’

തിങ്കളാഴ്ച്ച പതിനൊന്നു മണി മുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈ സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയതെന്നും പി സി ജോര്‍ജ് ചോദിച്ചു. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയാള്‍ക്കു കൂടി വേണ്ടിയുള്ള സമരമാണ് നടന്നതെന്ന് പറഞ്ഞ പിസി ജോര്‍ജ് നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ എന്നും കുറ്റപ്പെടുത്തി.

Top