പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

വയനാട്: പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍ പറഞ്ഞു.

ഇന്ന് നാല് മണിക്കാണ് പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നത്തിലും നല്ല ഇടപടലുകള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്നും പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വന്‍ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രന്‍ 75,000 വോട്ടിന് വിജയിക്കുമെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ ജയിക്കുമെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി സത്യകുമാര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top