പൂഞ്ഞാറില്‍ മത്സരം യുഡിഎഫുമായെന്ന് പി.സി ജോര്‍ജ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ വിജയിക്കുമെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്. മണ്ഡലത്തില്‍ മത്സരം താനും യു.ഡി.എഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടില ആദ്യം ആട് കടിച്ചുവെന്നും പിന്നെ കരിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.

‘പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ല. ഒന്‍പത് സ്ഥാനാര്‍ഥികളാണുള്ളത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്, യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയംകാരന്‍, ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുകാരനും. പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നത്.’-പി.സി. ജോര്‍ജ് പറഞ്ഞു.

ഇരുനൂറിലധികം ചെക്ക് കേസില്‍ വാദിയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പ്രതികള്‍ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസില്‍ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനേക്കാള്‍ വലിയ അപമാനമുണ്ടോ. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രവര്‍ത്തകര്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ആ ജനധിപത്യത്തിന് വിരുദ്ധമായി, വര്‍ഗീയത പരത്തിയാല്‍ അവരുടെ വേട്ട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top