മുഖ്യമന്ത്രി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല :പി.സി.ജോര്‍ജ്

pc-george

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാന്തര കേരളമെന്ന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലാണ് പി.സി.ജോര്‍ജ് പ്രതികരിച്ചത്.

പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാര്‍. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടര്‍ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തില്‍ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ വിസ്മരിക്കാന്‍ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്ക് താങ്കളുടെ ജീവന്‍ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താന്‍ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാന്‍ അവിടുത്തെ എം.എല്‍.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോരഘോരം പ്രസംഗിക്കുന്നുവെന്ന് സജി ചെറിയാന്‍ എംഎല്‍എ സഭയില്‍ ആരോപിച്ചു. സാലറി ചലഞ്ച് തകര്‍ത്തത് യുഡിഎഫുകാരാണെന്നും പ്രളയ ദുരിതാശ്വാസത്തിനായി സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു.

പതിനാറ് ലക്ഷം പ്രളയബാധിതരെയാണ് രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്കെത്തിച്ചത്. മന്ത്രിമാര്‍ക്ക് ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഉദ്യോഗസ്ഥ തലത്തില്‍ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവര്‍ത്തനം നടത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലര്‍ത്തി, സഹായിക്കാന്‍ മുന്നോട്ടുവരാതെ യുഡിഎഫ് ഇപ്പോള്‍ സഭയില്‍ ദീര്‍ഘനേരം പ്രസംഗിക്കുകയാണെന്നും സജി ചെറിയാന്‍ ആരോപിച്ചു. സജി ചെറിയാന്റെ ഈ പരാമര്‍ശത്തെ തുടര്‍ന്ന് സഭാതലം പ്രതിപക്ഷബഹളത്തില്‍ മുങ്ങി. തന്റെ മണ്ഡലത്തില്‍ മാത്രം 600 മത്സ്യത്തൊഴിലാളി വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വന്നത്. ഒരു യുഡിഎഫ് നേതാവിന്റെയും നേതൃത്വത്തില്‍ ഒറ്റവള്ളം പോലും എത്തിയില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഐഎം ക്യാമ്പുകളാണെന്ന് ആരോപിച്ച് ക്യാമ്പുകളെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവനയെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

Top