പാലായില്‍ ജോസെങ്കില്‍ എതിരാളി താനെന്ന് പി.സി ജോര്‍ജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫുമായി സഹകരിച്ചു പോകാന്‍ തയ്യാറാണെന്നും അക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. എന്നാല്‍ സഹകരണത്തില്‍ ചില നിബന്ധനകളുണ്ട്. നിബന്ധനകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല. യു.ഡി.എഫ്. യോഗത്തിനു ശേഷം കോണ്‍ഗ്രസ് അനുകൂല തീരുമാനം അറിയിച്ചാല്‍ തന്റെ പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അനാവശ്യമായ അവകാശവാദത്തിനില്ല. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിലുള്ള മാന്യത മാത്രമാണ് ആഗ്രഹിക്കുന്നത്. എത്ര സീറ്റ് എന്ന കാര്യം യു.ഡി.എഫ്. തീരുമാനിക്കട്ടെ. ഇന്നത്തെ സാഹചര്യത്തില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ശക്തി കൊടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനം കേരള ജനപക്ഷം സെക്യുലര്‍ ആണ്.

പൂഞ്ഞാര്‍ സീറ്റ് വിട്ടുകൊടുക്കില്ല. ഇവര്‍ ആരുടെയും ഔദാര്യമില്ലാതെ ജനങ്ങളുടെ മാത്രം ഔദാര്യം കൊണ്ടു മാത്രം തങ്ങള്‍ക്ക് കിട്ടിയ സീറ്റാണ് പൂഞ്ഞാര്‍. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും അങ്ങനെ മുഴുവന്‍ സംഘടനക്കാരും എതിര്‍ത്തു. എന്നിട്ടും 28,000 വോട്ടിന്റെ ഭൂരിപക്ഷം പൂഞ്ഞാറിലെ ജനങ്ങള്‍ നല്‍കിയാണ് താന്‍ അവിടുത്തെ എം.എല്‍.എ. ആയിരിക്കുന്നത്. ആ സീറ്റില്‍ ഒരു ചര്‍ച്ചയില്ല. ബാക്കി ഏത് സീറ്റ് ആണെന്നാണ് ചര്‍ച്ച.

അതേസമയം കാപ്പന്‍ യു.ഡി.എഫിലേക്ക് വരികയാണെങ്കില്‍ പാലായ്ക്ക് വേണ്ടി തര്‍ക്കം പറയില്ലെന്നും ജോര്‍ജ് പറഞ്ഞു. കാപ്പന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വരികയും തങ്ങളും യു.ഡി.എഫിന് ഒപ്പമാണെങ്കില്‍ ആ സീറ്റിനു വേണ്ടി അവകാശവാദം ഉന്നയിക്കില്ല. പകരം കാഞ്ഞിരപ്പള്ളി സീറ്റ് മതി. കാഞ്ഞിരപ്പള്ളി, പാലാ സീറ്റുകളില്‍ ഒരെണ്ണം മസ്റ്റാണ്. അതില്‍ നിന്ന് വ്യത്യാസം വരുത്താന്‍ സാധിക്കില്ല-അദ്ദേഹം പറഞ്ഞു.

Top