എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണം; പി.സി. ജോര്‍ജ്ജിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍

കോട്ടയം: പി.സി. ജോര്‍ജ്ജിനെതിരെ സംസ്ഥാന വനിത കമ്മീഷന്‍ രംഗത്ത്. എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ജോര്‍ജ്ജിനെ മാറ്റണമെന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെടുന്നത്. സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന ജോര്‍ജ്ജിനെതിരെ വനിതകള്‍ പരസ്യമായി പ്രതികരിക്കണമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.

സിസ്റ്റര്‍ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താല്‍ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും ലൂസിയുടെ പരാതി അവഗണിച്ച പൊലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ജോസഫൈന്‍ വ്യക്തമാക്കി.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്ന് നൂറുശതമാനം ബോധ്യമായിട്ടുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നു.

തുടക്കം മുതല്‍ അദേഹത്തെ പിന്തുണയ്ക്കുന്നത് തന്റെ അപ്പനായതുകൊണ്ടാണെന്നും പത്രക്കാര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും ജനങ്ങള്‍ക്ക് അദേഹത്തെ ജയിലിലാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ദൈവശിക്ഷ ഇടിത്തീയായി വന്നു വീഴുമെന്നും താന്‍ അദേഹത്തിന്റെ കൈ മുത്തി വണങ്ങിയെന്നും ഫ്രാങ്കോയെ സന്ദര്‍ശിച്ച ശേഷം പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു.

Top