‘ഈശോ’ സിനിമയെ കുറിച്ചുള്ള അഭിപ്രായം തിരുത്തി പി സി ജോർജ്

നാദിര്‍ഷ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഈശോയെ കുറിച്ച് മികച്ച പ്രതികരണവുമായി പിസി ജോര്‍ജ്. താന്‍ നേരത്തെ പറഞ്ഞതില്‍ തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്. ആ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ.

ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു. ചിത്രത്തെ കുറിച്ച് പിസി ജോര്‍ജ് അഭിപ്രായം പറയുന്ന വീഡിയോ സംവിധായകന്‍ നാദിര്‍ഷ പങ്കുവെച്ചു. ‘സത്യം മനസ്സിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് നാദിര്‍ഷ വീഡിയോ പങ്കുവെച്ചത്.

 

Top