പി.സി ജോർജിനെ അറസ്റ്റ് ചെയ്തത് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലന്ന് സി.പി.എം

പി.സി ജോർജിന്റെ അറസ്റ്റ് തൃക്കാക്കരയിൽ ബി.ജെ.പിക്ക് ഗുണം ചെയ്യില്ലന്ന് തുറന്നടിച്ച്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ രംഗത്ത്. പിസി ജോർജ് ഒരു മര്യാദ ഇല്ലാത്ത ആളാണെന്നും അത്, കേരള രാഷ്ട്രീയ ചരിത്രം എടുത്ത് പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.അഴിമതി നിരോധന നിയമ പ്രകാരം കേരളത്തിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ ആൾ പിസി ജോർജ് ആണെന്നും സി.പി.എം ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയിട്ടുണ്ട്. എക്സ്പ്രസ്സ് കേരളയ്ക്ക് സി.എൻ മോഹനൻ നൽകിയ പ്രതികരണം ചുവടെ :-

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയ്ക്ക് അടിസ്ഥാനമെന്താണ്?

തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഞങ്ങൾ സംഘടനാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രതീക്ഷയ്ക്ക് അടിസ്ഥാനം എന്നു പറയുന്നത് കേരള രാഷ്ട്രീയവും, ഇന്ത്യയുടെ രാഷ്ട്രീയവും അത് ബാധകമായിട്ടുള്ള തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ ഞങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. എന്താണ് നമ്മുടെ നാട് നേരിടുന്ന വെല്ലുവിളികൾ എന്നതിനെ പറ്റി നമ്മൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ ഞങ്ങൾ ബോധ്യപ്പെടുത്തിയതിനുശേഷം വിവിധ പ്രശ്നങ്ങളിൽ ഇപ്പോൾ വികസനമെന്ന കാഴ്ചപ്പാടിൽനിന്ന് മാറി വളരെ സൂപ്പർ ഫിഷൽ ആയിട്ടുള്ള കാര്യങ്ങളിലേക്ക് ആണല്ലോ യുഡിഎഫ് പോകുന്നത് ? ഞങ്ങൾ വികസന പ്രശ്നങ്ങൾ കൃത്യമായി ഉന്നയിച്ചിട്ടുണ്ട്. ഗവൺമെന്റിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റിന്റെ ഭാഗമായി പ്രവർത്തനങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഗവൺമെന്റ് തൃക്കാക്കരയിലെ ഉൾപ്പെടെയുള്ള കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് നൽകിയിട്ടുള്ള എല്ലാവിധ സേവനങ്ങളും വിശദീകരിച്ചിട്ടുണ്ട്. പിന്നെ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി കോൺഗ്രസ് അല്ലെങ്കിൽ ഇടതുപക്ഷം എന്നു പറയുമ്പോൾ, അതിൽ പ്രധാനമായും ബിജെപിക്കെതിരെ ആണ് രാഷ്ട്രീയ നീക്കം നടത്തേണ്ടത്. പക്ഷേ ആ സന്ദർഭത്തിലും കോൺഗ്രസ് കേരളത്തിൽ ബിജെപിയുമായി യോജിപ്പാണ്. അതുകൊണ്ടാണല്ലോ ബിജെപിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥി തന്നെ നേരിട്ട് പോകുന്നത്. അതൊരു കരാറിന്റെ ഭാഗമാണ്. നിങ്ങൾ പരസ്യമായി വന്നാലേ ഞങ്ങൾ വോട്ട് ചെയ്യൂ എന്ന് കരാറിന്റെ ഭാഗമാണത്. ഇതെല്ലാം വെച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ഈ മണ്ഡലത്തിൽ ഇടതുപക്ഷം വ്യാപകമായി പ്രചരിപ്പിച്ചു. അതിനു വേണ്ടി ഞങ്ങളുടെ സംഘടനയുടെ പഴുതില്ലാത്ത പ്രവർത്തനം നടന്നു. അതുകൊണ്ടാണ് ഈ രാഷ്ട്രീയ കാര്യങ്ങളുടെ മേന്മയും നേട്ടവും വെച്ചുകൊണ്ട് ജയിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം രാഷ്ട്രീയ പോരാട്ടം എന്നതിനപ്പുറം മറ്റേതെങ്കിലും തരത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടോ?

കേരള നിയമസഭയിലേക്ക് ആണല്ലോ തെരഞ്ഞെടുപ്പ്. കേരള നിയമസഭയെ പ്രതിനിധീകരിക്കുന്ന ആളുകളെല്ലാം രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിക്കുന്ന വരാണ്. അതുകൊണ്ട് രാഷ്ട്രീയ അടിസ്ഥാനത്തിലേ തെരഞ്ഞെടുപ്പ് നടക്കാവൂ. പക്ഷേ, ജനങ്ങളെ ബോധ്യപ്പെടുത്താവുന്ന രാഷ്ട്രീയം യുഡിഎഫിന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ട് അവർ അതിനെ വേറൊരു തലത്തിലേക്ക് സഹതാപത്തിന്റെ പേരിൽ മാറ്റാൻ ശ്രമിക്കുകയാണ്. യുഡിഎഫിന് രാഷ്ട്രീയം പറഞ്ഞു വോട്ട് പിടിക്കാനുള്ള ധാർമികത ഇല്ല എന്നുള്ളതാണ് വസ്തുത. ബാക്കിയെല്ലാം പുകയാണ്.

പിസി ജോർജിന്റെ അറസ്റ്റിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

അങ്ങനെ വിലയിരുത്തേണ്ട കാര്യമൊന്നുമില്ല. കാരണം, നമ്മുടെ നാട്ടിലുള്ള സാധാരണ സമൂഹത്തിനകത്ത് സമൂഹത്തിൽ ഉപയോഗിക്കേണ്ട ഒരു ഭാഷയുണ്ട്. പ്രബുദ്ധതയുള്ള കേരളത്തിനകത്ത് സ്വാഭാവികമായും ഒരു പൊതുമധ്യത്തിൽ, അല്ലെങ്കിൽ ഒരു നാൽക്കവലയിൽ പെരുമാറേണ്ട രീതിയിലാണ് പെരുമാറേണ്ടത്. ഒരാൾ എത്ര ഉന്നതനായാലും ശരി വസ്ത്രം ധരിച്ചു വേണമല്ലോ നാൽക്കവലയിലൂടെ പോകാൻ. ഒരാൾ അത് പറ്റില്ലെന്ന് പറഞ്ഞ് വസ്ത്രം എടുത്ത് തലയിൽ കെട്ടിയാൽ എന്ത് ചെയ്യും? അതു പോലെ, പിസി ജോർജ് ഒരു മര്യാദ ഇല്ലാത്ത ആളാണ്. കേരള രാഷ്ട്രീയ ചരിത്രം എടുത്ത് പരിശോധിച്ചാൽ, അഴിമതി നിരോധന നിയമ പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യത്തെ ആളും പിസി ജോർജ് ആണ്. പക്ഷേ ഹൈക്കോടതി പിന്നീട് അയാളെ വെറുതെ വിട്ടുകയാണ് ഉണ്ടായത്. അതുകൊണ്ട് ശിക്ഷ നിന്നു എന്ന് പറയാൻ പറ്റില്ല. ഒരിക്കലും നല്ല ഒരു പശ്ചാത്തലം ഉള്ള ആളല്ല പി സി ജോർജ്. അദ്ദേഹം കേരള രാഷ്ട്രീയത്തിനകത്ത് മുന്നണി സംവിധാനത്തിൽ പലപ്പോഴും തെന്നിമാറി നിലപാട് സ്വീകരിക്കുന്ന ആളാണ്. എംഎൽഎ പോലും അല്ലാതെയിരിക്കുന്ന ഈ സാഹചര്യത്തിൽ പിസി ജോർജിന്റെ നിയന്ത്രണം വിട്ടുള്ള ഒരുതരം പെരുമാറ്റമാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

ഈ സംഭവത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ബിജെപിക്ക് ഈ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ വോട്ടുകളുടെ ശതമാനം കുറഞ്ഞു. കേരളത്തിൽ ഉണ്ടായിരുന്ന ഏക എംഎൽഎയും പോയി. ബിജെപി നേതാക്കന്മാർ ആണെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കുഴൽപ്പണം കടത്തിയതിന്റെ പേരിൽ കേസിൽ പ്രതികളുമായി, കെ സുരേന്ദ്രൻ. മത്സരിക്കുക തോൽക്കുക എന്നതാണ് അവസ്ഥ. ബിജെപിക്ക് ഒരു രാഷ്ട്രീയവും ഈ കേരളത്തിൽ ചെയ്യാനില്ല.

ആർഎസ്എസ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നിലവിലെ രാഷ്ട്രീയ പ്രവർത്തന രീതിയെ എങ്ങനെ നേരിടാനാണ് ഇടതുപക്ഷത്തിന്റെയും സർക്കാറിന്റെയും തീരുമാനം?

മതനിരപേക്ഷ രാഷ്ട്രീയം അവതരിപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷം പ്രവർത്തിക്കാൻ പോകുന്നത്. എസ്ഡിപിഐ, ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട്, ഇങ്ങനെയുള്ള സംഘടനകളെല്ലാം മതാധിഷ്ഠിതമായ രാഷ്ട്രം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ്. അവർ ആദ്യം നോക്കേണ്ടത് പശ്ചിമേഷ്യയിലേക്കാണ്. ആദ്യം പറഞ്ഞ രണ്ടു സംഘടനകൾ മുസ്ലിം വിഭാഗത്തിന്റെ പേരുപറഞ്ഞ് പ്രവർത്തിക്കുന്ന സംഘടനകളാണ്. അവർ യഥാർത്ഥ മുസ്ലിം ആണെന്ന് ഞങ്ങൾ കരുതുന്നില്ല. പശ്ചിമേഷ്യയിൽ ബോംബിനകത്താണ് ആളുകൾ താമസിക്കുന്നത്. അവിടെ പരാജയപ്പെട്ട മതരാഷ്ട്രീയം ഇന്ത്യയിൽ സ്ഥാപിക്കാൻ പറ്റുമോ? ഇന്ത്യ ഒരു മതേതര രാഷ്ട്രം ആയതുകൊണ്ടുതന്നെ മത രാഷ്ട്രീയം ഇന്ത്യയിൽ സാധ്യമാവില്ല. രാഷ്ട്രീയത്തിൽ മതത്തെ ഉൾക്കൊള്ളിച്ചു വർഗ്ഗീയത പ്രചരിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ഡൽഹിയിലെ ജഹാംഗീർ പൂരിൽ നടന്ന സംഭവം.

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെപ്രവർത്തനത്തിന്റെ വിലയിരുത്തൽ ആകുമോ?

സർക്കാറിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ ആകണമെങ്കിൽ കേരളത്തിൽ എല്ലായിടത്തും ഇലക്ഷൻ നടത്തണം. കോവിഡ് കാലത്ത് കിറ്റ് കൊടുത്തത് കേരളത്തിൽ മുഴുവനാണ്. വികസനപ്രവർത്തനങ്ങളും കേരളത്തിൽ മുഴുവനായാണ് നടന്നത്. സർക്കാറിന്റെ വിലയിരുത്തലാണ് അറിയേണ്ടത് എങ്കിൽ, ഒരു ഹിതപരിശോധനയുടെ ആവശ്യം അല്ലേ ഉള്ളൂ, അതല്ലാതെ ഇലക്ഷൻ നടത്തേണ്ടതില്ലല്ലോ? എന്നാലും, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ഇലക്ഷനിൽ പ്രതിഫലിക്കുമെന്നത് സ്വാഭാവികമാണ്. ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും ഉറപ്പായും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും.

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവയുടെ ഇപ്പോഴത്തെ ആരോപണം എങ്ങനെയാണ് നോക്കിക്കാണുന്നത്.

നടി വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയെ കണ്ടു. നടി പറഞ്ഞ കാര്യങ്ങൾ നിങ്ങളറിഞ്ഞിട്ടുണ്ടാകും. സർക്കാരിനെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് നടി പറഞ്ഞത്. “തന്നെ തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ടാകാം, ഈ കേസിൽ തുടക്കം മുതൽ തന്നെ ഗവൺമെന്റ് വളരെ കൃത്യം ആയിട്ടുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് ” എന്നും അവർ വ്യക്തമാക്കി കഴിഞ്ഞു.

പ്രതികരണം തയ്യാറാക്കിയത് ശിഹാബ് മൂസ

 

Top