പാര്‍ട്ടി പ്രതിസന്ധിയില്‍; നേതാക്കള്‍ വിടുവായിത്തം നിര്‍ത്തണമെന്ന് സിപിഎം റിപ്പോര്‍ട്ട്

cpm

ഹൈദരാബാദ്: പിബി അംഗങ്ങള്‍ക്കും കേന്ദ്രനേതാക്കള്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ സംഘടന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം. മാധ്യമങ്ങളോട് നടത്തുന്ന വിടുവായിത്തം നിര്‍ത്തണമെന്നാണ് പ്രധാന വിമര്‍ശനം.

പിബിയിലെയും കേന്ദ്ര ആസ്ഥാനത്തേയും ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നുവെന്നും ഇത് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ജനകീയസമരങ്ങളില്‍ കേന്ദ്രനേതാക്കള്‍ കൂടുതല്‍ പങ്കുവഹിക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയില്‍ തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ട്. വനിതകളുടെ പ്രാതിനിധ്യവും കുറവാണ്. ക്യാംപസുകളില്‍ നിന്ന് വേണ്ടത്ര അണികളുണ്ടാകുന്നില്ല. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ബലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗാള്‍ ഘടകത്തിനെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. പി.ബി.തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി കടന്നുപോവുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top