നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാവ് ; കിരീടം നേടുന്നത് നാലാം തവണ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞത്.

മഹാദേവികാട് കാട്ടില് തെക്കേതിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു പായിപ്പാട് ഒന്നാം സ്ഥാനം നേടിയത്. ആയാപറമ്പ് പാണ്ടി, ചമ്പക്കുളം എന്നീ വള്ളങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

ഇതു നാലാം തവണയാണ് പായിപ്പാടന്‍ നെഹ്‌റു ട്രോഫി സ്വന്തമാക്കുന്നത്. 2005, 2006, 2007 വര്‍ഷങ്ങളിലാണ് ഇതിനുമുന്പ് പായിപ്പാടന്‍ കിരീടം ചൂടിയത്.

നിലവിലെ ജേതാക്കളായ ഗബ്രിയേലും ഏറ്റവും കൂടുതല്‍ തവണ കിടീരം ചൂടിയ കാരിച്ചാലും ഇക്കുറി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഹീറ്റ്‌സുകളില്‍ ഒന്നാമതെത്തിയെങ്കിലും സമയക്രമത്തില്‍ പിന്നിലായതാണ് ഇവര്‍ക്കു തിരിച്ചടിയായത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് ജലമേള ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം എന്നിവരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥികള്‍. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.

Top